Qatar ഖത്തറിലേക്കെന്ന പേരിൽ തൊഴിൽ തട്ടിപ്പ് , പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ തൊഴിൽ പരസ്യങ്ങൾ

ദോഹ : ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങൾ വഴി വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകൾ വ്യാപകം.ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ അന്വേഷിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമാക്കി വിവിധ പേരുകളിൽ ജോബ് വെബ്‌സൈറ്റുകളുണ്ടാക്കിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

ടിക് ടോക്,ഫെയ്‌സ്ബൂക്,വാട്‍സ് ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നൂറുകണക്കിന് പരസ്യങ്ങളാണ് ദിവസവും പ്രത്യക്ഷപ്പെടുന്നത്.താമസം,ഭക്ഷണം,ആകർഷകമായ ശമ്പളം എന്നിവ വാഗ്ദാനം നൽകിയുള്ള പരസ്യങ്ങളിൽ ഫ്രീ റിക്രൂട്മെന്റാണെന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ കഥ മാറും.ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളുടെ പേരിൽ വരെ ഇത്തരം വ്യാജ തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്.സഫാരി ഹൈപ്പർമാർക്കറ്റിന്റെ പേരിലുള്ള പരസ്യത്തിന് പിന്നിലെ സംഘത്തെ കുറിച്ചറിയാൻ നാട്ടിൽ നിന്നും വാട്സ്ആപ് വഴി ബന്ധപ്പെട്ടപ്പോൾ തട്ടിപ്പിന്റെ രീതികളെ കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചു.

റിക്രൂട്മെന്റ് 'സൗജന്യ'മാണെങ്കിലും വിസയും ടിക്കറ്റും ഉൾപെടെ നൽകി ജോലി ശരിയാക്കി നൽകുന്ന ഏജൻസിക്ക് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകണം.ഇതിൽ 10,000 രൂപയും പാസ്പോർട്ട് കോപ്പിയും ആദ്യം നൽകിയാൽ രണ്ടാഴ്‌ചയ്‌ക്കകം മെഡിക്കലിനുള്ള അപ്പോയിന്മെന്റ് ലഭിക്കും.വിസ ഇഷ്യു ചെയ്‌താൽ ബാക്കി തുക കൂടി നൽകണമെന്നും ഹിന്ദിയിൽ വിശദീകരിച്ചു തന്നു, അതേസമയം,സഫാരിയിലേക്ക് ഇത്തരത്തിലുള്ള റിക്രൂട്മെന്റുകളൊന്നും നടക്കുന്നില്ലെന്നും ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് മാനേജ്‌മെന്റിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

ജാഗ്രത വേണം 

മലയാളികൾ ഒഴികെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ ലക്ഷ്യമാക്കിയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്.വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെടുന്ന നിരവധി പേരുണ്ടെങ്കിലും പണം കൈക്കലാക്കി മുങ്ങുന്ന ഇത്തരം സംഘങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കാറില്ല.ആധികാരികമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള തൊഴിൽ പരസ്യങ്ങളുടെ പിന്നാലെ പോകാതിരിക്കുക മാത്രമാണ് ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാനുള്ള മാർഗം.ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ ജോലി വാഗ്ദാനങ്ങൾ ലഭിച്ചാൽ അതാത് സ്ഥാപനങ്ങളിലെ എച്.ആർ വിഭാഗവുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT