Qatar സൗഹൃദം പൂർവ സ്ഥിതിയിലേക്ക്, ഖത്തറും യു.എ.ഇയും എംബസികൾ തുറക്കുന്നു

ദുബായ് : അറബ് ലോകത്ത് സമാധാനവും ഐക്യവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ  യു.എ.ഇയും ഖത്തറും വീണ്ടും എംബസികൾ തുറക്കുന്നു..യു.എ.ഇ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പ്രാദേശിക ദിനപത്രമായ 'നാഷനലാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഖത്തറിനെതിരായ ഉപരോധത്തിൽ കലാശിച്ച നയതന്ത്ര ഭിന്നതകൾക്ക് പിന്നാലെ ഇരു രാജ്യങ്ങളിലെയും എംബസികൾ അടച്ചുപൂട്ടുകയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.സൗദിയിലെ അൽ ഉല ഉച്ചകോടിയോടെ ഉപരോധം അവസാനിച്ചിരുന്നെങ്കിലും നയതന്ത്ര ബന്ധം പൂർവസ്ഥിതിയിൽ പുനരാരംഭിച്ചിരുന്നില്ല.

നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും എംബസികള്‍ തുറക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി യു.എ.ഇയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇക്കാര്യം ഖത്തര്‍ മീഡിയ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി 2021ല്‍ ഒപ്പുവെച്ച അല്‍ ഉല കരാറിന്‍റെ അടിസ്ഥാനത്തിലാണ് എംബസികള്‍ വീണ്ടും തുറക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചേക്കുമെന്നും പറയപ്പെടുന്നു.

2017ലാണ് സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം പ്രഖ്യാപിച്ചത്. 2021ല്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെ ബന്ധം പഴയനിലയിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും ഈജിപ്തും ദോഹയില്‍ വീണ്ടും എംബസി തുറന്നു. കഴിഞ്ഞയാഴ്ച ജി.സി.സി കൗണ്‍സില്‍ ആസ്ഥാനത്ത് ഖത്തര്‍-ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇരുരാജ്യങ്ങളിലെയും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.

ഫിഫ ലോകകപ്പ് സമയത്ത് ഖത്തര്‍, യു.എ.ഇ, സൗദി രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിച്ച്‌ യാത്ര സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ ഐക്യം പഴയനിലയിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകള്‍ നല്‍കുന്നതാണ് അടുത്തിടെ നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT