താമരശ്ശേരി ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം കൊച്ചി: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു
- by TVC Media --
- 11 Jun 2025 --
- 0 Comments
കൊച്ചി: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർഥികൾക്കാണ് ഹൈകോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കൾ കോടതിയിൽ സത്യവാങ്മൂലം നൽകണം.
കോടതി ഇടപെടലിനെ തുടർന്ന് ആറ് വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം നേടാൻ നേരത്തെ അവസരം ലഭിച്ചിരുന്നു. മൂന്നുപേർ താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലും മറ്റുള്ളവർ കോഴിക്കോട് നഗരത്തിലെ മറ്റു സ്കൂളുകളിലും പ്രവേശനം നേടിയിരുന്നു.
വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് നേരത്തെ ഹൈകോടതിയുടെ ഉത്തരവുണ്ടായിരുന്നു. പ്ലസ് വൺ പ്രവേശനത്തിന് അനുമതി തേടി പ്രതികൾ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലാണ് കുറ്റാരോപിതരായ കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ (15) ഒരു സംഘം വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.
സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS