രാജ്യത്ത് കാലാവസ്ഥ മാറ്റം: പൊടിക്കാറ്റ് കടന്ന് ചൂടുകാലത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പൊടിക്കാറ്റ്
- by TVC Media --
- 12 Apr 2025 --
- 0 Comments
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസഥ മാറ്റം പ്രകടം. രണ്ടു ദിവസങ്ങളായി പല പ്രദേശങ്ങളിലും വ്യാപകമായി പൊടിക്കാറ്റ് വീശി. വ്യാഴാഴ്ച വൈകീട്ടും രാത്രിയും അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് വെള്ളിയാഴ്ച പകലും നേരിയ തോതിൽ തുടർന്നു. ശക്തമായ കാറ്റിൽ മൈതാനങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ പൊടിയിൽ കുളിച്ചു. പലയിടങ്ങളിലും ചാറ്റൽ മഴയുമെത്തി.
ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റാണ് പൊടിക്കാറ്റായി രൂപംകൊണ്ടത്. മണിക്കൂറിൽ 40 മുതൽ 70 കിലോമീറ്റർ വരെ വേഗത്തലൽ വീശിയ കാറ്റ് തുറസ്സായ സഥലങ്ങളിൽനിന്ന് പൊടിപടലങ്ങളെ വഹിക്കുകയായിരുന്നു.പൊടിക്കാറ്റ് തുറസ്സായ സ്ഥലങ്ങളിലും ഹൈവേകളിലും ദൂരക്കാഴ്ച കുറയാൻ ഇടയാക്കി. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
അടുത്ത ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതവും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും കാറ്റിന്റെ വേഗം കുറയുമെന്നും ദൂരക്കാഴ്ച കൂടുമെന്നും പ്രതീക്ഷിക്കുന്നു.
തണുപ്പുകാലത്തിൽനിന്ന് വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥ മാറ്റത്തിന്റെ സൂചനയായാണ് പൊടിക്കാറ്റിനെ കണക്കാക്കുന്നത്. രാജ്യത്തുടനീളം നിലവിൽ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ക്രമേണ ഉയർന്ന നിലയിലെത്തും.
പൊടിക്കാറ്റിൽ ഡ്രൈവിങ് വേണ്ട
പൊടിക്കാറ്റ് ഉള്ളസമയം വാഹനം ഓടിക്കുന്നവർ സുരക്ഷിതമായ അകലം പാലിക്കണം. യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ദൃശ്യപരത കുറഞ്ഞാൽ വേഗം കുറക്കുകയും വാഹനം നിർത്തിയിടുകയും വേണം. വിൻഡോ അടച്ച് പൊടിപടലം വാഹനത്തിനുള്ളിലേക്ക് കയറുന്നത് ഒഴിവാക്കണം. മണൽ കൂനകൾക്കിടയിലൂടെയുള്ള യാത്ര ഒഴിവാക്കണം. അനാവശ്യ യാത്രകൾ മാറ്റിവെക്കാം.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS