ഉപരിപഠനത്തിന് 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി മലയാളി യുവാവ് യൂറോപ്യൻ യൂനിയൻ ധനസഹായം നൽകുന്ന ഉന്നത വിദ്യാഭ്യാസ സഹകരണ പരിപാടിയാണ് 2004ൽ ആരംഭിച്ച ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പുകൾ. ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപയാണ് ഇതിന്റെ മൂല്യം.
- by TVC Media --
- 11 Apr 2025 --
- 0 Comments
റിയാദ്: രാജ്യാന്തരതലത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിന് അവസരം നൽകുന്ന ലോക പ്രശസ്തമായ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് സ്കോളർഷിപ്പോടെ പ്രവേശനം നേടി അഭിമാന നേട്ടം സ്വന്തമാക്കി പ്രവാസി മലയാളി മുഫീദ് റഹ്മാൻ. റിയാദിലുള്ള മലപ്പുറം ഇരുമ്പുഴി സ്വദേശികളായ അബ്ദുസ്സലാം- നസീബ ദമ്പതികളുടെ മകനാണ് മുഫീദ്.
ഇപ്പോൾ റിയാദിന്റെ വടക്കുഭാഗത്തെ അൽ യാസ്മിൻ ഏരിയയിൽ അൽ നസർ എൻജിനീയറിങ് ആൻഡ് കൺസൾട്ടൻസിയിൽ ആറേഴ് മാസമായി ജോലി ചെയ്തുവരവേയാണ് അക്കാദമിക രംഗത്ത് വലിയൊരു നേട്ടവുമായി ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് അർഹത നേടുന്നത്.
ആഗോള അഗ്നി സുരക്ഷാവെല്ലുവിളികളെ നേരിടാൻ കഴിവുള്ള അടുത്ത തലമുറയിലെ അഗ്നിസുരക്ഷാ എൻജിനീയറിങ് വിദഗ്ധരെ രൂപപ്പെടുത്തുന്നതാണ് മാസ്റ്റേഴ്സ് തുടർപഠനം. നൂതനമായ അറിവ്, കഴിവുകൾ എന്നിവ ഉപയോഗിച്ച് ലോകത്തെ മുൻനിര വിദ്യാഭ്യാസ അനുഭവം ലഭിക്കുന്നതിലൂടെ നിർമിത ബുദ്ധിക്കാലത്ത് പ്രവർത്തിക്കാനാവശ്യമായ കരുത്തും ശേഷിയും നേടുന്നു.
സീനിയേഴ്സിനെ ഫോളോ ചെയ്തതും നല്ല മാർക്കും ഒപ്പം നിരന്തരമായ പ്രയത്നവുമാണ് ഈ നേട്ടത്തിന്റെ പിന്നിലെന്ന് മുഫീദ് റഹ്മാൻ പറഞ്ഞു. കരിക്കുലത്തിന് പുറത്തുള്ള വിദ്യാർഥിയുടെ പ്രവർത്തനം, അക്കാദമിക് അനുഭവങ്ങൾ, കരിയർ താൽപര്യങ്ങൾ, സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ, ഭാഷാപരിജ്ഞാനം എന്നിവയും ഈ സ്കോളർഷിപ്പിന് പരിഗണിക്കപ്പെടുന്നു.
യൂറോപ്പിലെ ബെൽജിയം, സ്വീഡൻ, സ്പെയിൻ, സ്കോട്ട് ലാൻഡ് എന്നീ നാല് രാജ്യങ്ങളിൽവെച്ചായിരിക്കും മിക്കവാറും സെമസ്റ്ററുകൾ പൂർത്തിയാക്കുക. സെപ്റ്റംബറിൽ ഉപരിപാഠനാർഥം യാത്ര തിരിക്കുമെന്ന് മുഫീദ് പറഞ്ഞു.
ദീർഘകാലം ജിദ്ദയിൽ പ്രവാസിയും ഇന്‍ഫോ മാധ്യമം മുന്‍ എഡിറ്ററുമായിരുന്ന വി.കെ. അബ്ദുവിന്റെ പൗത്രനും കൂടിയാണ് മുഫീദ് റഹ്മാൻ. മിയാസ് റഹ്മാൻ, നിദ ഫാത്തിമ, നഷ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS